പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിലേക്ക് ലോക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാങ്ങളിലെ ബ്രാഞ്ചുകളിലായി 2500 ഒഴിവുകളുണ്ട്. ഇതിൽ 50 ഒഴിവുകൾ കേരളത്തിലാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ അക്കൗണ്ടന്റ്, എഞ്ചിനീറിങ്, മെഡിക്കൽ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കുകളിൽ അല്ലെങ്കിൽ റീജിയണൽ റൂറൽ ബാങ്കുകളിൽ ഓഫീസറായി ഒരു വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ (എഴുതാനും വായിക്കാനും) പ്രാവീണ്യം ഉണ്ടായിരിക്കുകയും വേണം.
പ്രായം
21 - 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2025 ജൂലൈ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും (പട്ടിക വിഭാഗം - 15, ഒബിസി - 13) വർഷത്തെ ഇളവുകൾ ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവുകൾ ലഭിക്കും.
ശമ്പളം
ഈ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 48480 രൂപ മുതൽ 85920/- രൂപ വരെ ലഭിക്കും.
തിരഞ്ഞെടുപ്പ്
ഓൺലൈൻ എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ തുടങ്ങിയവ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഓൺലൈൻ പരീക്ഷക്ക് കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും.
അപേക്ഷാ ഫീസ്
ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ 850/- രൂപ അപേക്ഷ ഫീസ് അടക്കണം. വനിതകൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ തുടങ്ങിയവർ ഫീയായി 175/- രൂപ അടച്ചാൽ മതി. ഫീസ് ഓണലൈനായി അടക്കം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 24 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള മാതൃകയിൽ ഫോട്ടോ, ഒപ്പ്, ഇടത് കൈയിലെ വിരലടയാളം , സ്വന്തം കൈപ്പടയിൽ എഴുതിയ പ്രസ്താവന, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ സ്കാൻ ചെയ്‌ത് വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.